ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രചാരണചൂടില്‍ രാഹുലും മോഡിയും ഇന്ന് നേര്‍ക്കുനേര്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോർക്കളമൊരുക്കിയ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തില്‍ നേർക്കുനേർ. തങ്ങളുടെ കോട്ട നിലനിര്‍ത്താന്‍ ബിജെപിയും ഭരണം കൈയ്യടക്കാൻ കോണ്‍ഗ്രസും നിരവധി പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ചായവിറ്റ് ജീവിച്ച തന്റെ ഭൂതകാലത്തെ അപമാനിക്കുന്നത് ഗുജറാത്തി ജനതയെ അപമാനിക്കുന്നതിന് തുല്യമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം മോഡി പ്രചാരണം തുടങ്ങിയത്. ഭരണവിരുദ്ധ വികാരത്തെയും ജാതി നേതാക്കളുടെ എതിര്‍പ്പിനെയും പ്രാദേശിക വാദത്തിലൂടെ മറികടക്കാനാണ് മോഡിയുടെ നീക്കം. നോട്ട് നിരോധനവും ജിഎസ്ടിയും ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്നും രാജ്യം ഉറ്റുനോക്കുന്നു. പട്ടേല്‍ ,ഒബിസി വിഭാഗങ്ങള്‍ പരസ്യമായ പോരാട്ടം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ചേരിയിലെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കും. സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായി നാല് സമ്മേളനങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഇന്ന് സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം തുടങ്ങുന്നത്. രാജ്യത്തെ വിറ്റ പാര്‍ട്ടിയാണെ് കോണ്‍ഗ്രസെന്ന മോഡിയുടെ ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.ഗുജറാത്തിലെ നികുതിദായകരുടെ 33,000 കോടിരൂപ ചാരമായി മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.