പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. ഇതിന് മുൻപ് ഒരു പ്രധാനമന്ത്രിയും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദർശനമെന്നാണ് വിലയിരുത്തൽ. ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി മാധവ് നേത്രാലയ പ്രീമിയം സെന്ററിന് തറക്കല്ലിടും. ശേഷം ഹെഡ്‌ഗേവർ സ്മൃതി മന്ദിരവും പിന്നീട് ഭരണഘടന ശിൽപി ബി ആർ അംബ്ദേകർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും സന്ദർശിക്കും.
2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയിരുന്നു. പിന്നീട് 2013 ലായിരുന്നു എത്തിയത്. അന്ന് മുഖ്യമന്ത്രിയായിരിക്കെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കൂടിയായിരുന്നു മോദി. 2007-ൽ ഗോൾവാൾക്കറുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഹെഡ്ഗേവർ സ്മൃതി മന്ദിരം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യമായിരുന്നു ഇത്.