നരേന്ദ്ര മോദി സൗദിയിൽ; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലേക്ക് വിമാനം കയറുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ യാത്ര എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിക്കൂടിയാണ് മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനം. പശ്ചിമേഷ്യയിലെ സാഹചര്യം, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഹൂതി ആക്രമണങ്ങൾ മൂലം സമുദ്ര സുരക്ഷയ്ക്കുണ്ടാകുന്ന ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് ബിൻ സൽമാൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദി ജിദ്ദയിൽ എത്തുന്നത്. ഏപ്രിൽ 22, 23 എന്നീ ദിവസങ്ങളിൽ മോദി സൗദിയിൽ ചെലവഴിക്കും. ഇതിന് മുമ്പ് മോദി സൗദിയിൽ എത്തിയത് 2016ലും 2019ലും ആയിരുന്നു. 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യ- സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിന്റെ (എസ്‌പിസി) ആദ്യ യോഗത്തിൽ മോദിയും സൽമാനും സഹഅദ്ധ്യക്ഷത വഹിച്ചിരുന്നു. അതിന് ശേഷമാണ് സൗദി സന്ദർശനത്തിലേക്ക് മോദി എത്തിയത്.

ഊർജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ല സഹകരണം വർദ്ധിപ്പിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ല നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൽമാനുമായി ചേർന്ന് മോദി സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിൻ (എസ്പ‌ിസി) അദ്ധ്യക്ഷനാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 2019 ൽ സ്ഥാപിതമായ എസ്‌പിസി രണ്ട് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, സാംസ്‌കാരിക സഹകരണം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

മോദിയുടെ ഇപ്പോഴത്തെ സന്ദർശനം പ്രതിരോധ രംഗത്തെ സഹകരണത്തിന് വഴിത്തുറക്കാനും സാദ്ധ്യതയുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030, ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം എന്നിവയ്ക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ല പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും ചേർന്ന് 2024 ജനുവരിയിൽ രാജസ്ഥാനിൽ വച്ച് നടത്തിയ സൈനിക അഭ്യാസങ്ങളും ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. 2024 ഫെബ്രുവരിയിൽ ഇന്ത്യ സൗദി അറേബ്യയുമായുള്ല ആദ്യ പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു.