ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ഉൾപ്പെടെ രണ്ട് പാർട്ടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാർലമെന്റിൽ പ്രശംസിച്ചു. പാർലമെൻറ് നടപടികളിൽ അച്ചടക്കം കാത്തു സൂക്ഷിച്ചതിന്റെ പേരിലായിരുന്നു പ്രശംസ. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ശരദ് പവാർ വൈകുന്നേരം 5 മണിക്ക് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മോദിയുടെ പ്രശംസ. രാജ്യസഭയുടെ 250-ാമത് സമ്മേളനത്തോടനുബന്ധിച്ച് കൃതജ്ഞത അറിയിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
പാർലമെൻറ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചതിന് ബിജു ജനതാദളിനെയും മോദി പ്രശംസിച്ചു, ഇരു പാർട്ടികളും സഭയിൽ ഫലപ്രദമായി കാര്യങ്ങൾ ഉന്നയിച്ചു എന്ന് മോദി അഭിപ്രായപെട്ടു.
മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പിൽ ശിവസേനയും ബി.ജെ.പിയും സംയുക്ത ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സഖ്യം വേർപിരിയുകയായിരുന്നു. എന്നാൽ എതിരാളികളായ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും സഹായത്തോടെ സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് സേന പ്രഖ്യാപിച്ചു.