17-ാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വിജയത്തില്‍ അഭിനന്ദനമറിയിച്ച രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മറുപടി നല്‍കി നരേന്ദ്ര മോദി. എല്ലാവരുടെയും അഭിനന്ദന ട്വീറ്റുകള്‍ക്ക് മോദി മറുപടി നല്‍കിയിട്ടുണ്ട്. ജനവിധി മാനിക്കുന്നെന്നും മോദിയ്ക്കും എന്‍ഡിഎയ്ക്കും വിജയത്തില്‍ അഭിനന്ദനങ്ങളെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
എം കെ സ്റ്റാലിന്‍, ഒമര്‍ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ഡൊണാള്‍ഡ് ട്രംപ് എന്നിവരും മോദിയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, ചൗക്കിദാര്‍ എന്ന പേരിനൊപ്പമുള്ള വിശേഷണം മോദി ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ മാര്‍ച്ച് 17-നാണ് മോദിയും ബിജെപി നേതാക്കളും ട്വിറ്റര്‍ യൂസര്‍ നെയിമില്‍ “ചൗക്കീദാര്‍” എന്ന പദം കൂട്ടിച്ചേര്‍ത്തത്.
“”കാവല്‍ക്കാരന്റെ (ചൗക്കീദാര്‍) ഭാവാര്‍ഥത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള സമയമായി. രാജ്യപുരോഗതിക്ക് പ്രവര്‍ത്തിക്കുന്നതോടൊപ്പം രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന അര്‍ഥത്തിനു കൂടുതല്‍ വീര്യം പകരേണ്ടതുമുണ്ട്.
ട്വിറ്ററില്‍നിന്ന് മാത്രമാണ് ചൗക്കീദാര്‍ പോവുന്നത്. എന്നാല്‍, അതെന്റെ അവിഭാജ്യ ഘടകമായി തുടരും”” -നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ചൗക്കീദാര്‍ എന്ന വാക്ക് രാജ്യസുരക്ഷയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.