പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുകയാണെന്നും സെപ്റ്റംബറോടെ പിൻഗാമിയെ തിരഞ്ഞെടുക്കുമെന്നുമുള്ള ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സഞ്ജയ് റാവത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ ഫഡ്‌നാവിസ്, 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷവും മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
‘മോദി ജി ഞങ്ങളുടെ നേതാവാണ്, ഭാവിയിലും അദ്ദേഹം തുടർന്നും പ്രവർത്തിക്കും. 2029 ലും മോദി ജി പ്രധാനമന്ത്രിയായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ യോഗ്യരല്ല’- ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനെ വിരമിക്കൽ അറിയിക്കുന്നതിനാണ് പ്രധാനമന്ത്രി മോദി ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ മോദി കണ്ടത് വിരമിക്കൽ അറിയിക്കാനാണ്. അധികാരത്തിലെത്തി 11 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആർഎസ്എസ് ആസ്ഥാനം മോദി എന്തിന് സന്ദർശിച്ചുവെന്നും ആയിരുന്നു സഞ്ജയ റാവുത്തിന്റെ ചോദ്യം. 2029-ലെ തിരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും സഞ്ജയ് പറഞ്ഞു. പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് ആദ്യമായിട്ടാണ് ആർഎസ്എസ് ആസ്ഥാനം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സന്ദർശിച്ചത്.
ആർഎസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആൽമരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയിരുന്നു.
Read more
പിന്നീട് 2013 ലായിരുന്നു എത്തിയത്. അന്ന് മുഖ്യമന്ത്രിയായിരിക്കെ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കൂടിയായിരുന്നു മോദി. 2007-ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഹെഡ്ഗേവർ സ്മൃതി മന്ദിരം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യമായിരുന്നു ഇത്.