ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നും ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ ജയിലില്‍ മരിക്കുന്നതാണെന്നും വായ്പാ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജാമ്യ ഹര്‍ജി പരിഗണിക്കവേ പ്രത്യേക കോടതിയില്‍ ജഡ്ജിക്കു മുന്നിലാണ് ഗോയല്‍ വികാരാധീനനായത്.
തന്റെ ആരോഗ്യ നില അപകടത്തിലാണെന്ന് കോടതിയെ അറിയിച്ച ഗോയല്‍ കാന്‍സര്‍ ബാധിതയായ ഭാര്യയെ മിസ് ചെയ്യുന്നതായും പറഞ്ഞു. ഭാര്യയുടെയും ഏക മകളുടെയും അവസ്ഥ മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവച്ചതായും വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ലെന്നും ഗോയല്‍ കോടതിയെ അറിയിച്ചു.
തനിക്ക് മൂത്രമൊഴിക്കുമ്പോള്‍ കഠിനമായ വേദനയുണ്ട്. ചിലപ്പോഴൊക്കെ മൂത്രത്തിനൊപ്പം രക്തവും പുറത്ത് പോകുന്നു. ജെജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണെന്നും നരേഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആയിരുന്നു വായ്പാ തട്ടിപ്പുകേസില്‍ ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്.
കാനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലായിരുന്നു ഗോയലിന്റെ അറസ്റ്റ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഗോയല്‍ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരായാണ് ഗോയല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്.
Read more
അതേസമയം മാനസികമായും ശാരീരികമായും എല്ലാ തരത്തിലുള്ള സഹായങ്ങളും ഗോയലിന് കോടതി ഉറപ്പ് നല്‍കി. ആരോഗ്യപരമായ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗോയലിന്റെ അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു.