ഇന്ത്യയിലെ സൈനിക സ്‌കൂളുകള്‍ നടത്തുന്നതില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തത്തിന് കേന്ദ്ര ബിജെപി സര്‍ക്കാര്‍ വഴിയൊരുക്കി എന്ന റിപ്പോര്‍ട്ടില്‍ അതീവ ഉത്കണ്ഠയെന്ന് സിപിഎം പിബി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള സൈനിക സ്‌കൂള്‍ സൊസൈറ്റിയാണ് (എസ്എസ്എസ്) സൈനിക സ്‌കൂളുകള്‍ പരമ്പരാഗതമായി നടത്തുന്നത്. രാജ്യത്തെ ഉന്നത സൈനിക അക്കാദമികളായ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്കും പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നതില്‍ സൈനിക സ്‌കൂളുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇന്ത്യന്‍ സായുധസേനയില്‍ ഉന്നത റാങ്കുകള്‍ വഹിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും സൈനിക സ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്.
ഈ പുതിയ നയം പിപിപി മാതൃകയില്‍ സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ഒന്ന് മാത്രമല്ല. ഇത്തരത്തില്‍ എസ്എസ്എസുമായും കേന്ദ്രസര്‍ക്കാരുമായും കരാറില്‍ ഏര്‍പ്പെടുന്ന സ്‌കൂളുകളില്‍ വലിയൊരു പങ്കും പരസ്യമായി ആര്‍എസ്എസ്-ബിജെപി ബന്ധം പുലര്‍ത്തുന്ന സഥാപനങ്ങളാണ്.
വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുകയും സൈനിക സ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തെ പ്രതികൂലമായി ബാധിക്കാന്‍ ഏറെ സാധ്യതയുമുള്ള ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. സൈനിക സ്‌കൂളുകളുടെ ദേശീയ-മതേതര സ്വഭാവം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.