നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സെമന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി രാഹുല്‍ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാ ദിവസമാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും പ്രതിഷേധിക്കും. ഇതേ തുടര്‍ന്ന് എഐസിസി ഓഫീസിന് മുന്നിലടക്കം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇഡി രാഹുലിനെ കാണിച്ചു. ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് ഇഡി വ്യത്തങ്ങള്‍ നല്‍കുന്ന വിവരം.നാഷനല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിന് കസ്റ്റഡിയില്‍ എടുത്ത നേതാക്കളെ രാത്രി വൈകിയാണ് ഡല്‍ഹി പൊലീസ് വിട്ടയച്ചത്. ജെ ബി മേത്തര്‍ എം പി, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെയടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.