വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി കോൺഗ്രസ് ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാർട്ടി നേതൃത്വം നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇനി ഇവിഎമ്മുകൾ വേണ്ടെന്നും ബാലറ്റ് പേപ്പർ തിരികെ വരണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ പാർട്ടിയുടെ ഭരണഘടനാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റുകൾ ബിജെപി നേടിയതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇവിഎം തിരിമറി ആരോപണം വീണ്ടും ഉയർന്നുവന്നത്.
അതേസമയം ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതിതള്ളിയിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇവിഎമ്മിൽ കൃത്രിമമില്ല, തോൽക്കുമ്പോൾ കൃത്രിമമെന്ന് പറയുന്നത് എന്തിനാണെന്നും സുപ്രീംകോടതി ഹർജിക്കാരനെ പരിഹസിച്ചു. ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന അവകാശവാദങ്ങൾ പൊരുത്തമില്ലാത്തതാണെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംവിധാനത്തോട് പരാതിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.