ഉയര്‍ന്ന ഫീസ് കാരണമാണ് നവീന്‍ ഉക്രൈനിലേക്ക് പോയത്; മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും ഉണ്ടാകരുതെന്ന് പിതാവ്

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉക്രൈനിലെ ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീന്‍ എന്നും പിതാവ് ശേഖര്‍ ഗൗഡ ആരോപിച്ചു.

രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അത് താങ്ങാന്‍ കഴിയാത്തതിനാലാണ് മകന്‍ ഉക്രൈനിലേക്ക് പഠിക്കാന്‍ പോയത്. 97 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും നവീന് രാജ്യത്ത് എവിടെയും അഡ്മിഷന്‍ ലഭിച്ചില്ല. ഈ വിദ്യാഭ്യാസ രീതി തിരുത്തണമെന്നും ശേഖര്‍ ഗൗഡ പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും ഉണ്ടാകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് മൃതദേഹം നാട്ടില്‍ എത്തിക്കണമെന്നും ശേഖര്‍ ഗൗഡ ആവശ്യപ്പെട്ടു.

Read more

കര്‍ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ്.ജി (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഖര്‍കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് മരണം.വിദേശകാര്യമന്ത്രാലയം ആണ് മരണം സ്ഥിരീകരിച്ചത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഭക്ഷണം വാങ്ങാനായി കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.