ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുടെ രക്ഷകരാകുന്ന നാവികപ്പട; കരുത്താർജിച്ച് ഇന്ത്യൻ നേവി

അറബികടലിൽ കൊടുങ്കാറ്റായി മാറിയ ഇന്ത്യൻ നാവിക സേനയുടെ രക്ഷാ ദൗത്യത്തിന്റെ വീര കഥകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. സൊമാലിയന്‍ കടല്‍കൊള്ളക്കാരില്‍ നിന്ന് മൽസ്യത്തൊഴിലാളികൾക്കും ചരക്കു കപ്പലുകൾക്കുമുള്ള മോചനത്തിന്റെ അവസാന വാക്കായി ഇന്ത്യൻ നാവിക സേന മാറിയിട്ടുണ്ട്. വിദേശ കപ്പലുകളില്‍ നിന്ന് അടക്കം ലഭിക്കുന്ന അപായ സന്ദേശങ്ങളോട് ആദ്യം പ്രതികരിക്കുന്നതും സംഭവ സ്ഥലത്തേക്ക് ഉടനടി എത്തുന്നതും ഇന്ത്യന്‍ നാവികസേനയാണ്. അറബിക്കടലിന്റെ പുറമെ നിലവില്‍ ചെങ്കടലിലും ഇന്ത്യന്‍ നാവികസേന നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ചെങ്കടലിൽ യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ അകപ്പെട്ട കപ്പലുകൾക്കും രക്ഷകർ ഇന്ത്യൻ നാവിക സേന തന്നെയാണ്.

ഇന്നലെ സൊമാലിയന്‍ കടല്‍കൊള്ളക്കാരില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന അന്താരാഷ്ട്ര തലത്തിൽ വീണ്ടും ശ്രദ്ധ പിടിച്ചിരുന്നു. സൊമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത് ബന്ദികളാക്കിയ 19 പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെയാണ് ഇന്നലെ ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തിയത്. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തിലാണ് അല്‍-നഈമി എന്ന മത്സ്യബന്ധന ബോട്ടിനെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ 36 മണിക്കൂറിനിടെ ഇന്ത്യൻ യുദ്ധകപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തില്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ രക്ഷാപ്രവര്‍ത്തനമാണിത്. സൊമാലിയയുടെ കിഴക്കന്‍ തീരത്തും ഏദന്‍ കടലിടുക്കിലും കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും സുരക്ഷനല്‍കുന്നതിനായി പട്രോളിങിന് ഇന്ത്യ നിയോഗിച്ചിട്ടുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് സുമിത്ര.

ഇന്നലെ വൈകിട്ടോടെ ബോട്ട് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ നാവികസേനാ കപ്പല്‍ സ്ഥലത്തെത്തി. ഇറാന്‍ പതാക വഹിച്ചിരുന്ന അല്‍-നഈമി ബോട്ടില്‍ സായുധരായ 11 കൊള്ളക്കാരാണ് ഉണ്ടായിരുന്നത്. ബന്ദികളെ വിട്ടയക്കണമെന്ന ഇന്ത്യന്‍ നാവികസേനയുടെ നിര്‍ബന്ധത്തിന് കൊള്ളക്കാര്‍ വഴങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം അല്‍-നഈമി ബോട്ടിലെത്തി മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് ഇന്ത്യൻ നാവികസേന മടങ്ങിയത്.

കഴിഞ്ഞ ദിവസം ഏദന്‍ ഉള്‍ക്കടലില്‍ ഇമാന്‍ എന്ന മത്സ്യബന്ധന ബോട്ടിനെയും കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചപ്പോൾ ഐഎൻഎസ് സുമിത്ര രക്ഷാ ദൗത്യം ഏറ്റെടുത്തിരുന്നു. കപ്പലിൽ നിന്നും ലഭിച്ച അപായ സന്ദേശം സ്വീകരിച്ചെത്തിയ ഐഎൻഎസ് സുമിത്ര കടൽകൊളളക്കാർക്ക് മുന്നറിയിപ്പ് നൽകി. പിന്നാലെ യുദ്ധകപ്പലിലെ ധ്രുവ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷാദൗത്യം നടത്തി. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണെന്നും കടൽ കൊള്ളക്കാർ കപ്പൽ വിട്ടതായും നാവിക സേന അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 17 ഇറാന്‍ മത്സ്യത്തൊഴിലാളികളെയാണ് അന്ന് സേന രക്ഷപ്പെടുത്തിയത്.

ബോട്ടുകള്‍ തട്ടിയെടുത്ത് ചരക്ക് കപ്പലുകളെ ആക്രമിക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ നീക്കമാണ് ഇന്ത്യന്‍ നാവികസേന തടഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കടല്‍ക്കൊള്ള വിരുദ്ധ- സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇന്ത്യന്‍ നാവിക സേനയുടെ പട്രോളിങിന്റെ ഭാഗമായാണ് ഐഎൻഎസ് സുമിത്രയുടെ രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളും നടന്നത്.

ജനുവരി 27 ന് ഏദൻ കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണകപ്പലിനു നേരെ യമനിലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയപ്പോൾ രക്ഷാദൗത്യവുമായി മിന്നൽ വേഗത്തിലെത്തിയത് ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് വിശാഖപട്ടണമാണ്. ബ്രിട്ടീഷ് എണ്ണക്കപ്പലായ മാർലിൻ ലുവാണ്ടയ്‌ക്ക് നേരെയാണ് യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയത്. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ പടര്‍ന്ന തീ അണച്ചത് ഇന്ത്യൻ സേനയുടെ ശ്രമകരമായ ദൗത്യത്തിത്തിലൂടെയാണ്.

ഐഎന്‍എസ് വിശാഖപട്ടണത്തിന് നന്ദി അറിയിച്ച് അപകടത്തിൽപ്പെട്ട ബ്രീട്ടീഷ് കപ്പൽ മാർലിൻ ലുവാണ്ടയുടെ ക്യാപ്റ്റനെത്തിയിരുന്നു. ‘കപ്പലില്‍ പടര്‍ന്ന തീയണയ്‌ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യൻ നാവികസേനയിലെ എല്ലാ വിദഗ്ധര്‍ക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേനയ്‌ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും’ ക്യാപ്റ്റൻ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ചെങ്കടലിൽ കടൽകൊളളക്കാരുടെയും ഹൂതി വിമതരുടെയും ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാവികസേന പ്രശ്‌നബാധിത മേഖലയിൽ നിരീക്ഷണം ശക്തമാക്കുകയും ഏകദേശം 10 യുദ്ധക്കപ്പലുകൾ അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ജനുവരി 5 ന് അറബിക്കടലിന്റെ വടക്കന്‍മേഖലയില്‍ വെച്ച് അജ്ഞാതസംഘം റാഞ്ചിയ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവിക മോചിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യൻ നാവികസേനയുടെ ഐഎന്‍എസ് ചെന്നൈയാണ് ബഹ്‌റിനിലേക്ക് പോയിരുന്ന എംവി ലില നോര്‍ഫോക് എന്ന ചരക്കുക്കപ്പലിനെ അന്ന് മോചിപ്പിച്ചത്. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ അടങ്ങുന്ന 21 പേരെയും നാവിക സേന അന്ന് രക്ഷിച്ചു. നാവിക സേനയുടെ ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് കപ്പല്‍ റാഞ്ചാനുള്ള ശ്രമം കൊള്ളക്കാര്‍ ഉപേക്ഷിച്ചിരിക്കാം എന്നാണ് കരുതുന്നതെന്ന് നാവികസേന വക്താവ് വിവേക് മാധ്വാള്‍ അന്ന് പറഞ്ഞിരുന്നു.

ഡിസംബർ 16 നും സമാനമായ രീതിയിൽ അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മാൾട്ടയുടെ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. കപ്പലിൽ നിന്നുള്ള അപായ സന്ദേശമെത്തിയ ഉടനെ നാവികസേന അയച്ച യുദ്ധക്കപ്പലും നിരീക്ഷണവിമാനവും നടത്തിയ ഇടപെടലാണ് കപ്പൽ കണ്ടെത്താനും രക്ഷാദൗത്യത്തിനും ഏറെ സഹായകരമായത്. 18 ജീവനക്കാർ അടങ്ങിയ എംവി റ്യൂയെൻ എന്ന ചരക്കുകപ്പലാണ് അന്ന് കൊള്ളക്കാർ തട്ടിയെടുത്തത്.

ജനുവരി 19 ന് ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ ആക്രമിച്ച അമേരിക്കല്‍ കപ്പലിനെയും ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിനുള്ള മറുപടിയയാണ് അമേരിക്കന്‍ കപ്പലായ ജെന്‍കോ പിക്കാര്‍ഡിക്കു നേരെ ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. തീ പിടിച്ച കപ്പലിലെ ജീവനക്കാരെ രക്ഷിച്ചെടുത്ത് ഇന്ത്യന്‍ നാവികസേന സംഘമാണ്.

ചെങ്കടലിലും അറബിക്കടലിലും ആക്രമണം തുടർക്കഥയായതോടെ ജനുവരി ആദ്യം തന്നെ ഇന്ത്യൻ നാവിക സേന സുരക്ഷാവിന്യാസം ശക്തിപ്പെടുത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന ആറു യുദ്ധക്കപ്പലുകൾക്കൊപ്പം നാലെണ്ണംകൂടി വിന്യസിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ പിന്നാലെ ഉണ്ടായ ആക്രമണങ്ങളെ ചെറുക്കനും ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ചെങ്കടലിന്റെയും അറബിക്കടലിന്റെയും രക്ഷകരായി നിലകൊള്ളുവാനും ഇന്ത്യൻ നാവിക സേനയ്ക്ക് കഴിഞ്ഞു.

എന്തുവിലകൊടുത്തും കടൽക്കൊള്ള തടയുക എന്ന ലക്ഷ്യമാണ് ഇന്ത്യൻ നാവികസേനയ്ക്കുള്ളത്. അറബിക്കടലിൽ തുടർച്ചയായുണ്ടായ ആക്രമണങ്ങളെത്തുടർന്ന് മൂന്ന് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും പി 8 ഐ ലോംഗ് റേഞ്ച് നാവിക നിരീക്ഷണ വിമാനങ്ങളും വിന്യസിച്ചതായി ഡിസംബറിൽ നാവിക സേന അറിയിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നാവികസേന ആയുധ ശേഖരത്തില്‍ വന്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആഭ്യന്തരമായി നിര്‍മിച്ച ഒരു ഡസനോളം യുദ്ധക്കപ്പലുകളാണ് നാവികസേന രംഗത്തിറക്കിയത്. 140 യുദ്ധക്കപ്പലുകളാണ് നിലവില്‍ ഇന്ത്യക്കുള്ളത്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് നടന്നുവരുന്നത്.

Latest Stories

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; 15 ദിവസത്തിനുള്ളില്‍ സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?