നവാബ് മാലിക്കിനും, അനില്‍ ദേശ്മുഖിനും രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. ജാമ്യാപേക്ഷ കോടതി തള്ളി. രാജസ്ഥാനില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയാണ് മുംബൈ കോടതി തള്ളിയത്. തങ്ങള്‍ ജനങ്ങള്‍ തെരഞ്ഞടുത്ത എംഎല്‍എമാരാണ്. അതുകൊണ്ട് രാജ്യസഭയിലേക്കുളള പ്രതിനിധിയെ തെരഞ്ഞടുക്കാന്‍ ബാധ്യസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ഇരുവരും മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചത്.
ജയിലില്‍ കഴിയവേ ഇരുവരും സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. രാജസ്ഥാനില്‍ നാല് രാജ്യസഭാ സീറ്റുകളാണുള്ളത്. 200 അംഗ നിയമസഭയില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാന്‍ 41 വോട്ടുകള്‍ വേണം. കോണ്‍ഗ്രസിന് 108 വോട്ടുകളും ബിജെപിക്ക് 71 വോട്ടുമാണ് ഉള്ളത്. 30 മിച്ച വോട്ടുകളുള്ള ബിജെപി ഒരു സീറ്റില്‍ മാത്രം വിജയിക്കുമെന്ന സ്ഥിതിയിലാണ്.
രണ്ടാമതൊരു സീറ്റില്‍ ജയിക്കണമെങ്കില്‍ 11 വോട്ടുകള്‍ കൂടി ബിജെപി നേടണം. കോണ്‍ഗ്രസിന് രണ്ടും മൂന്നും സീറ്റിന് 15 വോട്ടുകള്‍ കൂടി വേണം. അതുകൊണ്ട് തന്നെ രണ്ട് പാര്‍ട്ടികള്‍ക്കും വെള്ളിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇത്തരം ഒരു നിര്‍ണായക ഘട്ടത്തില്‍ വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവാബ് മാലികിനെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അനില്‍ ദേശ്മുഖും ജയിലില്‍ കഴിയുകയാണ്.