ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എന്‍.സി) 15 അംഗ പ്രതിനിധി സംഘത്തിന് വീട്ടുതടങ്കലില്‍ കഴിയുന്ന പാര്‍ട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയെയും വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ലയെയും കാണാന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അനുമതി നല്‍കി.
നാഷണല്‍ കോണ്‍ഫറന്‍സ് പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തില് 15 അംഗ പ്രതിനിധി സഘം നാളെ ശ്രീനഗറിലെത്തും.
ശ്രീനഗറില്‍ ഇപ്പോള്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവരെ കാണാന്‍ ജമ്മുവില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘത്തെ അനുവദിക്കണമെന്ന് പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് പ്രതിനിധി സംഘം ഇരുനേതാക്കളെയും കാണാനുള്ള തീരുമാനമെടുത്തതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചതിന് പിന്നാലെയാണ് യോഗംചേര്‍ന്നത്. എണ്‍പത്തൊന്നു കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും മകന്‍ ഒമര്‍ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.