'എൻസിഇആർടി രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുന്നു'; ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നു: ജയറാം രമേശ്

2014 മുതൽ എൻസിഇആർടി ആർഎസ്എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. എൻസിഇആർടി രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടി നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

എൻസിഇആർടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതാണെന്നും അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. എൻസിഇആർടി എന്നാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് ഓർക്കണമെന്നും ജയറാം രമേശ് വ്യക്തമാക്കി.

അതേസമയം ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം വിവാദമായതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്.

കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.