അടിക്കടിയുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകളെ കൈയൊഴിഞ്ഞ് കരസേന. അടിക്കടി സാങ്കേതിക തകരാര്‍ മൂലമുള്ള അപകടങ്ങള്‍ പെരുകിയതോടെയാണ് നാവികസേനയും കോപ്ടറെ കൈവിട്ടത്. കഴിഞ്ഞ ദിവസം കശ്മീരിലെ കിശ്ത്വറില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും 2 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണു നടപടി.
നാവികസേനയും കോസ്റ്റ് ഗാര്‍ഡും ധ്രുവ് കോപ്റ്ററുകള്‍ ഉപയോഗിക്കുന്നത് ഈയിടെ നിര്‍ത്തിവച്ചിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ചില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് കോപ്റ്റര്‍ നിയന്ത്രണംവിട്ട് വീണിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. മാര്‍ച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയിരുന്നു. അന്ന് പവര്‍ ലോസായിരുന്നു കാരണം. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മാര്‍ച്ച് 23 ന് നെടുമ്പാശേരിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു.
വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കാരണം. കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇനി കോപ്ടറുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക.