ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ സൗന്ദര്യബോധവും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എന്‍.ഡി.ടി.വിയില്‍ നിന്നു രാജിവെച്ച സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍. ടെലിവിഷന്‍ ചാനലുകള്‍ ചര്‍ച്ചകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു തരത്തിലുള്ള വിവരവും വായനക്കാരിലെത്തിക്കാത്ത ചര്‍ച്ചകള്‍ നടത്തിയതുകൊണ്ട് ഒരു കാര്യവുമില്ല. നല്ലതായാലും ചീത്തയായാലും ഡല്‍ഹിക്കും മുംൈബക്കും പുറത്ത് എന്ത് നടക്കുന്നു എന്ന ഒരു ധാരണയുമില്ല. ഏതെങ്കിലും ഒരു വാര്‍ത്ത പുറത്തുകൊണ്ടുവന്ന് അതില്‍ ചര്‍ച്ച നടത്തുക എന്ന രീതിയില്ലാതായിരിക്കുന്നു.
ടെലിവിഷന്റെ എല്ലാ ഉള്ളടക്കങ്ങളും നഷ്ടമായിരിക്കുന്നു. ന്യൂസ്‌റൂമുകള്‍ ആങ്കര്‍മാരെയും അതിഥികളെയും ഗുസ്തിക്കാരെയുംകൊണ്ട് നിറച്ച് നമ്മള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് നല്ല മാധ്യമ പ്രവര്‍ത്തനമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാനൊരുപക്ഷേ, പഴയ മനുഷ്യനായതുകൊണ്ടാകും. ഏതായാലും ഇതല്ല നല്ല മാധ്യമപ്രവര്‍ത്തനമെന്ന് ഞാന്‍ പറയുമെന്ന് ‘മാധ്യമം’ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പ് എന്‍ഡിടിവി എറ്റെടുത്തതിന് പിന്നാലെ രവീഷ് കുമാര്‍ രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് അദേഹം നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ മാധ്യമലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ അദേഹം വെളിപ്പെടുത്തിയത്. മോദി സര്‍ക്കാര്‍ മാധ്യങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. പല മന്ത്രാലയങ്ങളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ പ്രവേശനമില്ല. പത്രക്കാര്‍ക്ക് ഉദ്യോഗസ്ഥരെ കാണാനും കഴിയില്ല. ഏതെങ്കിലും പത്രക്കാരനെ ഒരു ഉദ്യോഗസ്ഥന്‍ കണ്ടാല്‍ അയാളുടെ ജോലിയും നഷ്ടപ്പെടും. ഇക്കാര്യം നമ്മുടെ വായനക്കാരോട് പറയാന്‍ നമുക്ക് കഴിയണം. ഇവര്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്നും വിവരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ജനം അറിയണം. ജനം ഏത് ഇന്ത്യയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അറിവ് സത്യമല്ലെന്ന് അറിയണം. വിവരം ശുദ്ധമല്ല. എന്നല്ല, അവ വിവരംതന്നെയല്ല. ഏത് തരത്തിലുള്ള ചര്‍ച്ചകളാണ് ഇവര്‍ സൃഷ്ടിക്കുന്നത്. വിവരങ്ങള്‍ അല്ല മാധ്യമങ്ങളിലൂടെ ഇപ്പോള്‍ ലഭിക്കുന്നത്. വ്യാജമായ വിവരങ്ങള്‍ നാല് പ്രാവശ്യം പറഞ്ഞ് അതിന് സാധുത നല്‍കുക
മാധ്യമപ്രവര്‍ത്തകരായ നാം വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടത്. ആ വിവരശേഖരണം നിലച്ചിരിക്കുന്നു. വിവരശേഖരണത്തിനുള്ള ചെലവും വലുതായിരിക്കുന്നു. അങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ വിവരം ശേഖരിച്ചുവന്നാലും ആരുണ്ട് അത് അച്ചടിക്കാന്‍ അതാണ് മറ്റൊരു പ്രശ്‌നം. അതിനാല്‍ ആളുകള്‍ ഇതെല്ലാം അവസാനിപ്പിച്ചു. ഇപ്പോള്‍ കേവലം പ്രസ്താവനകളുടെയും പരിപാടികളുടെയും റിപ്പോര്‍ട്ട് മാത്രമായി. വളരെ ദുഃഖിപ്പിക്കുന്ന അവസ്ഥയാണിത്.
സര്‍ക്കാറിനെ കുറിച്ച വിമര്‍ശനങ്ങളുള്ള അവലോകനങ്ങള്‍ ഒരിക്കലും പ്രസിദ്ധീകരിക്കാത്ത നിരവധി ഹിന്ദി പത്രങ്ങളെ എനിക്കറിയാം. പ്രതിപക്ഷ ശബ്ദം ഈ പത്രങ്ങള്‍ കേള്‍പ്പിക്കില്ല. സര്‍ക്കാറിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളൊന്നും കൊടുക്കുന്നില്ല. നമ്മുടെയൊക്കെ മാധ്യമപ്രവര്‍ത്തനം ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു. ഡല്‍ഹിയിലെ വാര്‍ത്ത വരുന്ന വഴികളെല്ലാം അടച്ചാല്‍ പിന്നെയെവിടെ പോകും സംസ്ഥാനങ്ങളിലും മോശമായ അവസ്ഥയാണ്. എന്നാല്‍, ഇതൊന്നും രാജ്യത്തിന് അറിയില്ല. പ്രധാനമന്ത്രിയുടെ പ്രസംഗവും ‘മന്‍ കീ ബാത്തും’ ജനങ്ങള്‍ക്ക് അറിയാം. വാര്‍ത്ത ജനങ്ങള്‍ക്കറിയില്ല. പ്രധാനമന്ത്രി എവിടെ പോയി എന്നും എങ്ങനെ വരുന്നുവെന്നും ജനങ്ങള്‍ക്കറിയാം. എന്നാല്‍ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി പറയുന്നതേ അറിയൂ.
വായനക്കാരനായാലും പ്രേക്ഷകനായാലും ഒരു കാര്യത്തില്‍ അന്തിമമായ തീര്‍പ്പിന് മുഖ്യധാരാ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഏറക്കുറെ അവസാനിച്ച മട്ടാണ്. അവര്‍ക്ക് ധൈര്യമില്ല. പല പത്രങ്ങള്‍ക്കും പരസ്യം നല്‍കുന്നത് നിര്‍ത്തി. എങ്ങനെ അവര്‍ വാര്‍ത്ത നല്‍കുന്നുവെന്ന് നോക്കിയാണ് ഇത് ചെയ്തത്. പിന്നീട് അവര്‍ വാര്‍ത്തയേ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലെത്തി.
Read more
വാര്‍ത്തകള്‍ കിട്ടാതായാല്‍ പിന്നെ ആളുകള്‍ പത്രം വായിക്കുന്നതും ടി.വി കാണുന്നതും നിര്‍ത്തും. നേര്‍ക്കുനേരെ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോയി ആ പ്രസംഗം കേട്ടാല്‍ മതി. അതുതന്നെ പത്രത്തിലും ടി.വിയിലും ഉള്ളൂ എന്ന് ജനം മനസ്സിലാക്കിയാല്‍ അതോടെ തീര്‍ന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഏറക്കുറെ അവസാനിച്ചുവെന്നും അദേഹം പറഞ്ഞു.