നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, വിവാദത്തെ തുടര്‍ന്ന് ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരിൽ 750 പേർ പരീക്ഷയ്ക്ക് എത്തിയില്ല. ഇതിനിടെ, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം ഒരു വിഭാഗം വിദ്യാർത്ഥികൾ ശക്തമാക്കുകയാണ്.
ഡീ ബാർ ചെയ്ത വിദ്യാർത്ഥികളിൽ 30 പേർ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളവരാണ്. എൻടിഎ അറിയിച്ചു. ബിഹാറിൽ മാത്രം 17 വിദ്യാർത്ഥികളെയാണ് എൻടിഎ ഡീ ബാർ ചെയ്തത്. പുനഃപരീക്ഷ നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ വിശദമായ കൂടിയലോചനയ്ക്ക് ശേഷം മാത്രമേ പുനഃപരീക്ഷയിൽ തീരുമാനം എടുക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ നവാഡയിലാണ് സംഭവം നടന്നത്. നീറ്റ് യുജി പരീക്ഷയിലെ വ്യാപക ക്രമക്കേട് പുറത്തുവന്നതോടെ വിദ്യാഭ്യാസ മന്ത്രാലയം സിബിഐക്ക് പരാതി കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ സിബിഐ നിയോഗിച്ചു.