നേപ്പാളി പൗരന്റെ തല മുണ്ഡനം ചെയ്‌ത്‌ ‘ജയ് ശ്രീ റാം’ വിളിപ്പിച്ച്‌ സംഘപരിവാർ

വാരണാസിയിൽ ഒരു നേപ്പാളി പൗരന്റെ തല ബലം പ്രയോഗിച്ച്‌ മുണ്ഡനം ചെയ്യുകയും ‘ജയ് ശ്രീ റാം’ എന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിക്കെതിരെ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത സംഘപരിവാർ സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഘം നേപ്പാളി പൗരന്റെ തലയിൽ ‘ജയ് ശ്രീ റാം’ എന്ന് എഴുതുകയും ചെയ്തു.

വാരണാസി ആസ്ഥാനമായുള്ള അധികം അറിയപ്പെടാത്ത സംഘടനയായ വിശ്വ ഹിന്ദു സേനയുടെ കൺവീനർ അരുൺ പഥക് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ സംഭവത്തിന്റെ വീഡിയോ റെക്കോഡു ചെയ്ത് പങ്കിട്ടതിന് ശേഷം ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

‘യഥാർത്ഥ’ അയോദ്ധ്യ നേപ്പാളിലാണെന്നും ഇന്ത്യയിലെ ഉത്തർപ്രദേശിലല്ലെന്നും പറഞ്ഞ് നേപ്പാൾ പ്രധാനമന്ത്രി വിവാദമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സംഭവം.

https://www.facebook.com/100001162881775/videos/3108387769209955/

വീഡിയോയിൽ, ഒരു അജ്ഞാത മനുഷ്യൻ, നേപ്പാളി പൗരനാണെന്ന് കരുതപ്പെടുന്നു, ഒരു നദിക്കരികിൽ ചമ്രംപടിഞ്ഞ് ഇരിക്കുന്നു, ഇയാളുടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് വസ്ത്രമില്ല. നേപ്പാൾ പ്രധാനമന്ത്രി ഒലിക്കും നേപ്പാളിനുമെതിരെ മുദ്രാവാക്യം വിളിക്കാനും നേപ്പാളികൾക്ക് ഉപജീവന അവസരങ്ങൾ നൽകിയതിന് ഇന്ത്യയെ പ്രശംസിക്കാനും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നു.

നേപ്പാളി ഭാഷയിൽ സംസാരിക്കുന്ന ഇയാളെ ‘ജയ് ശ്രീ റാം’, ‘ഭാരത് മാതാ കി ജയ്’ എന്ന് ആക്രോശിക്കാനും അക്രമിസംഘം പ്രേരിപ്പിക്കുന്നു. ഫെയ്സ്ബുക്കിൽ, അരുൺ പഥക് തന്റെ പ്രവൃത്തികളെ ന്യായീകരിച്ചു, രാമനെതിരെ സംസാരിക്കാൻ ഒലി ധൈര്യപ്പെടാതിരിക്കാൻ മറ്റ് നേപ്പാളികളുടെ തലയിൽ ‘ജയ് ശ്രീ റാം’ എന്ന് എഴുതാൻ അനുയായികളോട് ഇയാൾ ആഹ്വാനം ചെയ്തു.

Read more

കേസിൽ ഭേലപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വാരണാസി പൊലീസ് അറിയിച്ചു.