ഇലട്രോണിക്ക് വോട്ടിംഗ് മെഷിനെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തള്ളി ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുള്ള. തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു.
ഇവിഎം ഉപയോഗിച്ച് മത്സരിച്ച് ജയിക്കുമ്പോള്‍ ആഘോഷമാക്കുകയും മാസങ്ങള്‍ക്ക് ശേഷം ജനവിധി എതിരായപ്പോള്‍ വോട്ടുയന്ത്രത്തെ അംഗീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. വോട്ടുയന്ത്രത്തോട് എതിര്‍പ്പുണ്ടെങ്കില്‍ എന്നും അതേ നിലപാടായിരിക്കണം. വോട്ടിങ്ങ് മെഷിനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read more
പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ അബ്ദുല്ല ഇക്കാര്യം പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്ത സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. താന്‍ ഒരിക്കലും വോട്ടുയന്ത്രത്തെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് മികച്ച ആശയമാണ്. സെന്‍ട്രല്‍ വിസ്ത പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.