ബിജെപിക്ക് പുതിയ ദേശീയ പ്രസിഡന്റിനെയും സംസ്ഥാനങ്ങളില്‍ പുതി അധ്യക്ഷന്‍മാരെയും നിയമിക്കാന്‍ തിരട്ടിക്ക നീക്കം. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോഡിയാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. പാര്‍ട്ടിയുടെ ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തെ ആസ്പദമാക്കിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം വന്നിരിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോഡി നദ്ദയോട് സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്ന ആരാഞ്ഞിരുന്നു. മെമ്പര്‍ഷിപ്പ് ക്യാംപെയിനും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകളും പൂര്‍ത്തിയാകും വരെ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് തുടരും
ജൂലൈയിലാണ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ തുടങ്ങുക. ഇത് ആറു മാസം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. ഡിസംബര്‍ ജനുവരിയിലായിരിക്കും പുതിയ പ്രസിഡന്റിനെ നിയോഗിക്കുക. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കാലാവധി 2025 ജനുവരി മുതല്‍ ആരംഭിക്കും.
പാര്‍ലമെന്ററി ബോര്‍ഡ് 2019 ജൂണ്‍ 17-ന് ശ്രീ നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റാക്കി. 2020 ജനുവരി 20-ന് അദ്ദേഹം മുഴുവന്‍ സമയ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേറ്റു, അദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ചു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നദ്ദയ്ക്ക് ജൂണ്‍ അവസാനം വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.
ഗുജറാത്ത്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റും നാല് തവണ എം.പിയുമായ സി.ആര്‍. പാട്ടീലും കേന്ദ്ര മന്ത്രിയായി. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അവസാനിച്ചിരുന്നു.തെലങ്കാനയില്‍, കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന പ്രസിഡന്റ് കിഷന്‍ റെഡ്ഡിക്ക് പകരം അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഒ.ബി.സി. നേതാവ് എം.പി. ഈറ്റല രാജേന്ദറിനെ നിയമിച്ചേക്കും. ഡല്‍ഹിയിലെത്തിയ രാജേന്ദര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതിനാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിനു താല്‍പര്യമുണ്ട്.
പശ്ചിമ ബംഗാളില്‍ ലോക്സഭയിലെത്തിയ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സുകാന്ത മജുംദാറും കേന്ദ്രമന്ത്രിയായി. രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളില്‍ 14 എണ്ണം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. അതിനാല്‍, സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയെ മാറ്റിയേക്കും. തമിഴ്നാട് ഘടകം സംസ്ഥാന മുന്‍ അധ്യക്ഷ തമിളിസൈ സൗന്ദരരാജനും ഇപ്പോഴത്തെ അധ്യക്ഷന്‍ കെ. അണ്ണാമലൈയും തമ്മില്‍ ഭിന്നതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
എന്നാല്‍, തമിഴ്‌നാട്ടില്‍ വോട്ടുവിഹിതം ഉയര്‍ത്തിയ അണ്ണാമലൈയെ നിലനിര്‍ത്തിയുള്ള പരീക്ഷണത്തിനാണ് ബിജെപി തയാറെടുക്കുന്നത്. കേരളത്തില്‍ വോട്ടു വിഹിതം ഉയര്‍ത്തുകയും ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തതിനാല്‍ കെ സുരേന്ദ്രനെ തല്‍ക്കാലം മാറ്റില്ല. സുരേന്ദ്രനെ നിലനിര്‍ത്തി നിയമസഭയില മികച്ചനേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും അധ്യക്ഷന്‍മാരെ നിലനിര്‍ത്തികൊണ്ടുള്ള പരീക്ഷണമാണ് ബിജെപി നടത്തുന്നത്.