മോദിക്ക് പറക്കാന്‍ മിസൈല്‍ പ്രൂഫ് വിമാനം, ചെലവ് 4,469 കോടി രൂപ

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശയാത്രയ്ക്കായുള്ള വിഐപി വിമാനം വാങ്ങാന്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 4469.50 കോടി രൂപ. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ രണ്ട് വിമാനങ്ങളാണ് വാങ്ങുന്നത്.

മിസൈലുകള്‍ക്ക് പോലും തകര്‍ക്കാനാവാത്ത സാങ്കേതികവിദ്യയുടെ സഹായത്താലാണ് ഈ വിമാനം നിര്‍മിക്കുന്നത്. ബോയിങ്ങിന്റെ 777 – 300 ഇആര്‍ മോഡല്‍ വിമാനങ്ങളാണ് വാങ്ങിക്കുന്നത്. കേന്ദ്രവ്യോമയാന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന തുകയുടെ മൂന്നില്‍ രണ്ട് ഭാഗമാണ് വിമാനം വാങ്ങാന്‍ ചിലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2710 കോടി രൂപ വിഹിതമായിരുന്ന സ്ഥാനത്ത് 6,602.86 കോടി രൂപയാണ് ഈ വര്‍ഷം വ്യോമയാന മേഖലയ്ക്കുള്ള വിഹിതം. അടുത്ത വര്‍ഷം വിമാനം ഇന്ത്യയിലെത്തും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വിഐപി വിമാനങ്ങള്‍ എയര്‍ ഇന്ത്യ വണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ കാല്‍ നൂറ്റാണ്ട് പഴക്കമുള്ളവയാണ്. സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം എന്നുള്ളതുകൊണ്ട് അത്യാധുനിക സുരക്ഷാ സൗകര്യങ്ങളുള്ള വിമാനങ്ങള്‍ ആവശ്യമാണെന്ന് പ്രതിരോധ വിഭാഗവും എയര്‍ ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാര്‍ക്ക് വിമാനയാത്ര സാധ്യമാക്കുകയെന്ന ല്ക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഉഡാന്‍ പദ്ധതിക്കായി ഈ വര്‍ഷം 1014.09 കോടി രൂപയാണ് അനുവദിച്ചത്.