ഡൽഹിയിൽ പുതിയ മന്ത്രിസഭാ സത്യപ്രതിജ്ഞ ശനിയാഴ്ച്ച; ആതിഷിക്കൊപ്പം സത്യപ്രതിജ്ഞക്ക് 2 മന്ത്രിമാർ അടക്കം 7 പേർ

ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച നടക്കും. പുതിയ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാകും ആതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ആംആദ്മി പാർട്ടിയുടെ പുതിയമന്ത്രിസഭ അധികാരം ഏൽക്കുക. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറി ഉണ്ടാവില്ലെന്ന് നേതാക്കൾ അറിയിച്ചു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആതിഷി ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതല നിലനിർത്തും. ആതിഷിക്കൊപ്പം നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, എന്നിവരെ മന്ത്രിസഭയിൽ നിലനിർത്തുമെന്നാണ് സൂചന. അതേസമയം മുൻ എഎപി നേതാവ് രാജ് കുമാർ ആനന്ദിന്റെ രാജിയോടെ ദളിത് പ്രാതിനിധ്യം മന്ത്രിസഭയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം ദളിത് പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിൽ ഈ സ്ഥാനത്തേക്ക് യുവനേതാവ് കുൽദീപ് കുമാർ, വനിത നേതാവ് രാഖി ബിർള എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. മറ്റൊരു മന്ത്രിയായി സഞ്ജയ് ഝാ, ദുർഗേഷ് പഥക് എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ വലിയ മാറ്റങ്ങൾക്കും സാധ്യതയില്ല. അടുത്ത വർഷം നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിൻറെ പ്രതിഛായ വീണ്ടെടുക്കുക എന്നതാണ് ആതിഷിയുടെ മന്ത്രിസഭയുടെ ഉത്തരവാദിത്വം.

Read more