ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത; നാളെ മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (CrPC), ഇന്ത്യൻ തെളിവ് നിയമം എന്നിവ ഇതോടെ ചരിത്രമാകും. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബിഎസ്എ) നിലവിൽ വരും.

ഇന്ന് അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും.

സീറോ എഫ്ഐആർ, പൊലീസ് പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യൽ, ഇലക്ട്രോണിക്  സമൻസ്, ​ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ  പ്രധാന മാറ്റങ്ങളാണ്. ഐപിസിക്ക് പകരമെത്തുന്ന  ഭാരതിയ ന്യായ് സൻഹിത സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വലിയ പ്രധാന്യം നൽകുന്നു.

വഞ്ചനയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്ക്  സെക്ഷൻ 69 പ്രകാരം കടുത്തശിക്ഷ ലഭിക്കും. സെക്ഷൻ 150ന് കീഴിൽവരുന്ന രാജ്യദ്രോഹക്കുറ്റം കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടും.  ഒരാളുടെ അശ്രദ്ധമൂലം മറ്റൊരാൾ മരണപ്പെട്ടാൽ സെക്ഷൻ 106 പ്രകാരം അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കും.   ആൾക്കുട്ട കൊലപാതകത്തിൽ ഉൾപ്പെടുന്നവർക്ക്  കടുത്ത ശിക്ഷയും പുതിയ നിയമം വിഭാവനം ചെയ്യുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകി. അതേസമയം പ്രതിപക്ഷത്ത് നിന്നുള്ള വലിയൊരു വിഭാഗം അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനാൽ പാർലമെൻ്റിൽ വിശദമായ ചർച്ചയോ ഫലപ്രദമായ ചർച്ചയോ ഇല്ലാതെയാണ് മൂന്ന് നിയമങ്ങളും പാസാക്കിയത്. അതിനാൽ തന്നെ പുതിയ നിയമം നടപ്പാക്കുന്നതിൽ നിരവധി വിമർശനങ്ങളും നിലവിലുണ്ട്.