തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷത്ത് പുതിയ സഖ്യം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേര്
ആവശ്യമായ സീറ്റുകള്‍ ലഭിച്ചാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ സഖ്യം രാഷ്ട്രപതിയെ കാണും. എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഷ്ട്രപതിയെ കാണാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. ഫലം അനുകൂലമെങ്കില്‍ പ്രതിപക്ഷത്തെ ഐക്യം ബോധ്യപ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരിക്കും സഖ്യം ചെയ്യുക.
തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി, തെലുഗു ദേശം പാര്‍ട്ടി, ഇടതുപക്ഷം എന്നീ പാര്‍ട്ടികള്‍ കൂടി ചേര്‍ന്നതാണ് സഖ്യം. രാഷ്ട്രപതിക്ക് മുന്നിലെത്തിക്കാനായി ഇതിനകം കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ നേതൃത്വത്തിലുള്ള നിയമ വിദഗ്ധര്‍ മൂന്ന് കത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പുതിയ സഖ്യത്തിന്റെ രൂപീകരണം അറിയിച്ച് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടി നേതാക്കളുടെയും ഒപ്പുകള്‍ അടങ്ങുന്ന കത്ത് പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അയക്കുകയായിരിക്കും ആദ്യം ചെയ്യുക. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതായിരിക്കും രണ്ടാമത്തെ കത്ത്.
പിന്നീട് രാത്രി വൈകി പുതിയ മുന്നണിയുടെ നേതാവ് ആരെന്നറിയിക്കുന്ന കത്തും നല്‍കാനാണ് ലക്ഷ്യമിടുന്നത്.