ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഓൺലൈൻ വാർത്ത സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമായി പെരുമാറ്റച്ചട്ടം, ത്രിതല പരാതി പരിഹാര ചട്ടക്കൂട് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ നിയമങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഒടിടി സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയെ സർക്കാർ എങ്ങനെയായിരിക്കും നിയന്ത്രിക്കുക എന്ന് ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ൽ നിർദ്ദേശിക്കുന്നു. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേദേക്കറും ചേര്‍ന്നാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്.
നിരവധി മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന കർശനമായ മേൽനോട്ട സംവിധാനവും “ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും” ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്ന പെരുമാറ്റചട്ടങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു.