വാഹനാപകടത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പുതിയ മാനദണ്ഡം വ്യക്തമാക്കി സുപ്രീംകോടതി. വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമ്പോള്‍ വരുമാനം സംബന്ധിച്ച് കൃത്യമായി തെളിവില്ലെങ്കിൽ സാമൂഹിക പദവി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി.
2000 നവംബറില്‍ ഗുജറാത്തില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച യാക്കൂബ് മുഹമ്മദിന്റെ കുടുംബത്തിന് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ വിധിച്ച തുക പുനഃസ്ഥാപിച്ചുകൊണ്ടാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്. യാക്കൂബ് മുഹമ്മദിന്റെ കുടുംബത്തിന് 11,87,000 രൂപയും ഏഴര ശതമാനം പലിശയും നല്‍കാനായിരുന്നു ട്രിബ്യൂണല്‍ വിധി.
എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി യാക്കൂബിന്റെ വരുമാനത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണല്‍ വിധിച്ച തുക 4,75,000 രൂപയാക്കി ചുരുക്കി. യാക്കൂബ് മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നതായും ഇതിന് പുറമേ ജീപ്പ് വാടകയ്ക്ക് നല്‍കിയിരുന്നതായും കുടുംബം കോടതിയെ അറിയിച്ചു.
വര്‍ക്ക്‌ഷോപ്പിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തെളിവില്ലെന്ന് കാട്ടിയാണ് ഹൈക്കോടതി തുക വെട്ടിക്കുറച്ചത്. കുടുംബം സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് വരുമാനത്തിന്റെ കൃത്യമായ തെളിവില്ലെങ്കില്‍ സാമൂഹിക പദവി കണക്കിലെടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ട്രിബ്യൂണല്‍ വിധിച്ച തുക നാലാഴ്ചയ്ക്കകം ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.