മാധ്യമങ്ങള്‍ക്കു നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഡല്‍ഹി പൊലീസിന്റെ ന്യൂസ് ക്ലിക്കിന് നേരെയുള്ള റെയ്ഡെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. മൗലികാവകാശമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തെയാണ് കടന്നാക്രമിക്കുന്നത്.
ഒരു എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അതിരാവിലെ നിരവധി പത്രപ്രവര്‍ത്തകരുടെയും, സ്റ്റാന്‍ഡ് – അപ്പ് കോമഡിയന്‍മാരുടെയും, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക ചരിത്രകാരന്മാര്‍, നിരൂപകര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. യുഎപിഎയുടെ പല വിഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് പൊലീസ് ക്രൂരത അരങ്ങേറിയത് – പിബി പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമര്‍ത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ വിന്യസിച്ചു. ബിബിസി, ന്യൂസ് ലോണ്‍ഡ്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കസ്മീര്‍ വാല, വയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരെയും കേന്ദ്ര ഏജന്‍സികളുടെ നടപടികളുണ്ടായി.
സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെ അധികാരം ഉപയോഗിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള ചിട്ടയായ ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.