കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ നിര്‍ണായക മൊഴികള്‍; കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കമുള്ള മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ജില്ലയിലെ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്‌ക്വാഡ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുബീന് സ്ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയാണ് പ്രതികള്‍ സ്ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍ നിന്നും സ്ഫോടകവസ്തുക്കള്‍, ഐഎസ് പതാക, ലഘുലേഖകള്‍ തുടങ്ങിയ കണ്ടെടുത്തിരുന്നു.

2022 ഫെബ്രുവരിയില്‍ ഈറോഡിലെ സത്യമംഗലം കാടുകളില്‍ പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും എന്‍ഐഎ പറയുന്നു. കോയമ്പത്തൂര്‍സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, നാഗപ്പട്ടണം, തിരുനെല്‍വേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടില്‍ റെയ്ഡ് നടക്കുന്നത്.