പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാഴാഴ്ച ആറാമത്തെ അറസ്റ്റ് നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരി 14- ന് നടന്ന ഐഇഡി സ്‌ഫോടനത്തിൽ കേന്ദ്ര റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ചരാർ-ഇ-ഷരീഫിലെ ഫട്‌ലിപുര പ്രദേശത്ത് താമസിക്കുന്ന 25- കാരനായ മുഹമ്മദ് ഇക്ബാൽ റാഥറാണ് പ്രതി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേസിലെ മുഖ്യ ഗൂഡാലോചനക്കാരനായ ജയ്ശ്-ഇ-മുഹമ്മദ് (ജെഎം) തീവ്രവാദി മുഹമ്മദ് ഉമർ ഫാറൂഖിന്റെ നീക്കത്തിന് മുഹമ്മദ് ഇക്ബാൽ സൗകര്യമൊരുക്കിയിരുന്നു എന്നാണ് ആരോപണം. ഫറൂഖ് 2018 ഏപ്രിലിൽ ജമ്മുവിലെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി, മറ്റുള്ളവരോടൊപ്പം ഫാറൂഖ് ആക്രമണത്തിന് ഉപയോഗിച്ച ഐ.ഇ.ഡി സംയോജിപ്പിച്ചു.
എൻഐഎ പറയുന്നതനുസരിച്ച്, ഏജൻസിയുടെ നിരീക്ഷണത്തിന് കീഴിലുള്ള ജയ്ശ്-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 2018 സെപ്റ്റംബർ മുതൽ മുഹമ്മദ് ഇക്ബാൽ റാഥർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ജയിൽ അധികൃതർ ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഇയാളെ വ്യാഴാഴ്ച ഹാജരാക്കി ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു.
Read more
ആക്രമണത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ സുരക്ഷിതമായ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകളിലൂടെ മുഹമ്മദ് ഇക്ബാൽ റാഥർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ശ്-ഇ-മുഹമ്മദ് നേതൃത്വവുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. ജയ്ശ്-ഇ-മുഹമ്മദിന്റെ ഗതാഗത സംവിധാനത്തിന്റെ ഭാഗമായിരുന്നു ഇയാൾ. ഈ അറസ്റ്റോടെ, പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളായ 6 പേരെ എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.