ലണ്ടനിൽ ചെന്നൈയിൽ നിന്നുള്ള പെൺകുട്ടിയെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ലണ്ടനിൽ പഠിക്കുന്ന മകളെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം മെയ് മാസത്തിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറി. മകളെ തീവ്രവാദിയാക്കിയെന്നും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക പ്രസംഗകൻ സാക്കിർ നായിക്കിന്റെ പങ്ക് അന്വേഷിക്കും.
മുൻ ബംഗ്ലാദേശ് എംപി സർദാർ ഷഖാവത്ത് ഹുസൈൻ ബോകുലിന്റെ മകൻ നഫീസിനെ എഫ്‌ഐആറിൽ പ്രതിയാക്കി. പെൺകുട്ടിയുമായി ചങ്ങാത്തം കൂടുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ് നഫീസിനെതിരായ ആരോപണം. സാക്കിർ നായിക്കിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടു പോകലിൽ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടിത ബംഗ്ലാദേശ് ഗ്രൂപ്പിന്റെ എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും.
ഗൂഢാലോചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കടത്ത്, ലൈംഗിക ചൂഷണം എന്നിവയ്‌ക്കൊപ്പം തെറ്റായ തടവ്, കൊള്ളയടിക്കൽ ശ്രമം, വധഭീഷണി എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read more
ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോയ പെൺകുട്ടി അവിടെ വളരെ സജീവമായ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടു എന്നാണ് ആരോപണം.