മലേഗാവ് സ്‌ഫോടനക്കേസിൽ മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; മെയ് 8ന് വിധി പറയാൻ കോടതി

2008 ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസിലെ പ്രതിയും മുൻ ബിജെപി എംപിയുമായ സാധ്വി പ്രഗ്യ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പ്രതികൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 16 പ്രകാരം വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. ശനിയാഴ്ച പ്രത്യേക കോടതിയിൽ സമർപ്പിച്ച 1,500 പേജുകളുള്ള അന്തിമ രേഖാമൂലമുള്ള വാദങ്ങളിലാണ് ഏജൻസി ഈ അപേക്ഷ സമർപ്പിച്ചത്. 2008-ലെ സ്ഫോടനത്തിൽ ആറ് മുസ്‌ലിങ്ങൾ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

“ഭീകര പ്രവർത്തനങ്ങളുടെ ഫലമായാണ് മരണം സംഭവിച്ചതെങ്കിൽ, നിയമം വധശിക്ഷ അനുവദിക്കുന്നു.” ജാമിയ ഉലമ മഹാരാഷ്ട്രയുടെ നിയമ സെല്ലിന്റെ അഭിഭാഷകൻ ഷാഹിദ് നാദിം എൻഐഎയുടെ അഭ്യർത്ഥനയെ പിന്തുണച്ചു കൊണ്ട് പറഞ്ഞു. “ആസൂത്രണ യോഗങ്ങളിൽ പ്രഗ്യ താക്കൂർ പങ്കെടുക്കുകയും ബോംബ് കൊണ്ടുപോകാൻ അവരുടെ എൽഎംഎൽ ഫ്രീഡം മോട്ടോർസൈക്കിൾ ഉപയോഗിക്കുകയും ചെയ്തു. അത് തന്നെ അവരുടെ വ്യക്തമായ പങ്കാളിത്തം കാണിക്കുന്നു.” ഉലമ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ ഷരീഫ് ഷെയ്ഖ് ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ 323 സാക്ഷികൾ മൊഴി നൽകിയെങ്കിലും 32 പേർ പിന്നീട് സമ്മർദം ചെലുത്തിയെന്ന് ആരോപിച്ച് മൊഴികൾ പിൻവലിച്ചു.

ഈ സാക്ഷികളെ വിശ്വസനീയമായി കണക്കാക്കരുതെന്ന് എൻ‌ഐ‌എ അവരുടെ അന്തിമ വാദങ്ങളിൽ കോടതിയെ അറിയിച്ചു: “അവരുടെ വൈകിയുള്ള പിൻ‌വലിക്കലുകൾ പ്രതികൾക്ക് ഗുണം ചെയ്യരുത്.” എന്നാൽ പ്രത്യേക ജഡ്ജി എ കെ ലഹോട്ടി തന്റെ വിധി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. മെയ് 8 നാണ് ഇത് സംബന്ധിച്ചുള്ള വിധി പറയുക. വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളിലേക്ക് വിരൽ ചൂണ്ടുന്ന ആദ്യത്തെ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു മലേഗാവ് ബോംബ് സ്ഫോടനം.

Read more