മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്മാര്‍ക്ക് വീരമൃത്യു; ആക്രമണം ഐഇഡി ഉപയോഗിച്ച്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഢിലെ ബിജാപൂരില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റ് ആക്രമണം. ജവാന്മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ ആയിരുന്നു ആക്രമണം. ഇന്ന് ഉച്ചയ്ക്ക് 2.15ന് ആയിരുന്നു ആക്രമണമുണ്ടായത്.

ബസ്റ്റര്‍ മേഖലയിലെ കുത്രുവിലാണ് സംഭവം നടന്നത്. ജവാന്മാര്‍ സഞ്ചരിക്കുകയായിരുന്ന സ്‌കോര്‍പിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ ഛത്തീസ്ഗഢിലെ അബുജ്മദില്‍ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു.

സുരക്ഷാ സേന വധിച്ചവരില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഈ ഓപ്പറേഷനുശേഷം ജവാന്മാര്‍ മടങ്ങുമ്പോഴായിരുന്നു മാവോയിസ്റ്റ് ആക്രമണം. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ എട്ട് ജവാന്മാരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.