തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ നിർഭയ കേസ് പ്രതി പവൻ ഗുപ്ത നൽകിയ ദയാഹർജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ജസ്റ്റിസ് എം.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. പവന്‍ ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹര്‍ജി നല്‍കാനുണ്ടായിരുന്നത്. ഇയാള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.
അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ഇന്ന് രാവിലെയാണ് കോടതിയില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. അതിനാല്‍ വധശിക്ഷ നാളെ നടപ്പാവില്ല. നേരത്തെ പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് ചൊവ്വാഴ്ചയാണ്.
തന്റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിന് പകരം ചേംബറില്‍ വെച്ച് തന്നെ ഹര്‍ജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു.
കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹര്‍ജി നേരത്തേ രാഷ്‌ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷും വിനയ് ശർമയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി. എന്നാൽ അക്ഷയ് കുമാർ ഈ ആവശ്യവുമായി ഇനിയും സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.