വധശിക്ഷ പിന്‍വലിക്കുന്നതിനായി രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ഉത്തമ വിശ്വാസത്തോടെയല്ലെന്നും ഇത് ഭരണഘടനയുടെ സത്തക്കെതിരാണെന്നും വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ജയിലിലെ പീഡനവും ഏകാന്ത തടവും തന്നെ മാനസിക രോഗിയാക്കിയെന്നും വധശിക്ഷ ജീവപര്യന്തമാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. മാത്രമല്ല വധശിക്ഷയെ പിന്തുണച്ച കേന്ദ്ര മന്ത്രിമാരുടെയും ഡല്‍ഹി സര്‍ക്കാരിന്റെയും പരസ്യ പ്രസ്താവനകള്‍ ദയാഹര്‍ജി തള്ളാന്‍ കാരണമായെന്ന് വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, വിനയ് ശര്‍മ്മയുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ് ബൊപ്പെണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക.