സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി ആവിഷ്‌കരിച്ച “നിര്‍ഭയഫണ്ട്” വിനിയോഗിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. 2015 മുതല്‍ പദ്ധതികള്‍ക്കായി 42 ശതമാനം ഫണ്ട് മാത്രമാണ് ചെലവഴിച്ചത്. ഇതുവരെ 3600 കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. എന്നാല്‍, 1,513 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണ് നിര്‍ഭയ ഫണ്ട് അനുവദിച്ചത്.
2013-14 വര്‍ഷത്തില്‍ 1000 കോടിയുടെ ഫണ്ടാണ് സര്‍ക്കാള്‍ അനുവദിച്ചത്. സമാന തുക 2014-15 വര്‍ഷത്തിലും നല്‍കിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും കാലതാമസം വരുത്തി. നിര്‍ഭയഫണ്ട് ഇതുവരെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശനുമുന്നയിച്ച ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത് എത്തിയിരുന്നു. എത്രയും വേഗം ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” പോലെയുള്ള പദ്ധതികള്‍ പരാജയപ്പെടുമെന്നും പറഞ്ഞു.
2012 ഡിസംബര്‍ 12നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന നിര്‍ഭയ ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. 13 ദിവസത്തിനു ശേഷം സിങ്കപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതിയായ രാംസിങ്ങ് 2013ല്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ കഴിഞ്ഞ വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് പുറത്തിറങ്ങി. മറ്റുപ്രതികളായ അക്ഷയ്, വിനയ് ശര്‍മ, പവന്‍, മുകേഷ് എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു.