നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി കോടതി തള്ളി

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതികളെ ഫെബ്രുവരി 20-ന് തൂക്കിലേറ്റാന്‍ വാറണ്ട് പുറപ്പെടുവിക്കണമെന്നായിരുന്നു തിഹാര്‍ ജയില്‍ അധികൃതര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പ്രതികള്‍ വധശിക്ഷക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്യാല ഹൗസ് കോടതി ഹര്‍ജി തള്ളിയത്.

നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. പ്രതി പവന്‍കുമാര്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. നേരത്തെ രണ്ട് തവണ നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവര്‍ നിയമനടപടികളുമായി മുന്നോട്ട് പോയതോടെ വാറണ്ട് റദ്ദാക്കുകയായിരുന്നു.