കേന്ദ്ര ബജറ്റില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഗൃഹപാഠം ചെയ്യാത്ത ഒരാളില്‍ നിന്ന് വിമര്‍ശനം സ്വീകരിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. തങ്ങളോട് പ്രസംഗിക്കുന്ന കാര്യങ്ങള്‍ ആദ്യം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയി നടപ്പിലാക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റിനെ പൂജ്യമെന്നു വിശേഷിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് എതിരെയായിരുന്നു വിമര്‍ശനം.
ശമ്പളക്കാര്‍ക്കും, ഇടത്തരക്കാര്‍ക്കും, ദരിദ്രര്‍ക്കും, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമായി ബജറ്റില്‍ ഒന്നും തന്നെയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ ബജറ്റിനെക്കുറിച്ചുള്ള വിവരമില്ലാത്ത അഭിപ്രായം എന്ന് രാഹുലിന്റെ ട്വീറ്റിനെക്കുറിച്ച് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പറഞ്ഞതെന്തെന്ന് ദയവായി മനസ്സിലാക്കണം. പെട്ടെന്നുള്ള പ്രതികരണങ്ങളുമായി വരുന്നവരോട് സഹതാപം മാത്രമാണന്ന് അവര്‍ പറഞ്ഞു.
കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുന്നവര്‍ക്ക് താന്‍ മറുപടി നല്‍കും. ട്വിറ്ററില്‍ എന്തെങ്കിലും ഇടാനായി അഭിപ്രായം പറയുന്നതു ശരിയല്ല. വിമര്‍ശനങ്ങള്‍ താന്‍ സ്വീകരിക്കുന്നുവെന്നും എന്നാല്‍ ഗൃഹപാഠം ചെയ്യാത്ത ഒരാളില്‍ നിന്നല്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അദ്ദേഹം തങ്ങളോട് എന്ത് പ്രസംഗിക്കുന്നുവോ അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയി ആദ്യം നടപ്പാക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെയോ ഛത്തീസ്ഗഢിലെയോ തൊഴില്‍ സാഹചര്യം മെച്ചപ്പെട്ടോ എന്നും മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷക ആത്മഹത്യ തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നും അവര്‍ വിമര്‍ശിച്ചു. ബജറ്റ് രാഹുല്‍ ഗാന്ധിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും വിമര്‍ശിച്ചു.