ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും. ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ റെക്കോർഡിടും.
#WATCH | Delhi | Union Finance Minister Nirmala Sitharaman and MoS Finance Pankaj Chaudhary meet President Droupadi Murmu at the Rashtrapati Bhavan
Union Finance Minister Nirmala Sitharaman will present #UnionBudget2025, today in Lok Sabha pic.twitter.com/ZSbZQyd2GE
— ANI (@ANI) February 1, 2025
മൂന്നാം മോദി സർക്കാരിൻറെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഇതോടെ തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിർമല സീതാരാമൻ. പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലയുടെ പേരിലാണ്. 2020ൽ രണ്ടു മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം.
രണ്ട് ഇടക്കാല ബജറ്റുകൾ ഉൾപ്പെടെയാണിത്. മൊറാർജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖർജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിർമല സീതാരാമൻ മുൻപും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ബജറ്റുമായി ബന്ധപ്പെട്ട് കോളോണിയൽ കാലത്ത് തുടങ്ങിയ പരമ്പരാഗത രീതികളിൽ മാറ്റം വരുത്തിയതും നിർമലാ സീതാരാമനാണ്. ബജറ്റ് രേഖകൾ ബ്രീഫ് കേസിൽ കൊണ്ടുവരുന്ന രീതി വനിതാ ധനമന്ത്രി മാറ്റി. 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നത്. 2021ൽ ടാബ്ലറ്റിൽ നോക്കി വായിച്ച് പേപ്പർ രഹിത ബജറ്റും അവർ അവതരിപ്പിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ധനമന്ത്രി കൂടിയാണ് നിർമലാ സീതാരാമൻ.