രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിന്റെ പട്‌നയിലെ വസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹത്തോടൊപ്പം ബി.ജെ.പി നേതാക്കളായ അവധേഷ് നാരായണ്‍ സിംഗ്, സയ്യിദ് ഷാനവാസ് ഹുസൈന്‍, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തേജസ്വി യാദവിന്റെ ഇഫ്താറില്‍ നിതീഷ് കുമാര്‍ പങ്കെടുക്കുന്നത്. അതേ സമയം ഇഫ്താര്‍ വിരുന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പല ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ വിശകലനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ പാര്‍ട്ടി ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്.
നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്. തുടര്‍ന്ന് ഇപ്പോള്‍ നിതീഷിനെ കേന്ദ്ര മന്ത്രിയാക്കാനും ബിഹാര്‍ മുഖ്യമന്ത്രി പദവി സ്വന്തമാക്കാനുമുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ തേജസ്വി യാദവിന്റെ വിരുന്നില്‍ പങ്കെടുത്തത് നിര്‍ണായകമായി രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നു. ഈ കൂടിച്ചേരല്‍ മഹാസഖ്യത്തിലേക്കുള്ള സൂചനയാണോ എന്നും ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്.
അതേ സമയം ഇഫ്താറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചത്. 2017ലാണ് ജനതാദള്‍ ബിജെപിയുമായി കൂട്ടുകൂടിയത്. അന്ന മുതല്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവും നിതീഷും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.