പടക്കങ്ങളില്‍ ബേരിയവും നിരോധിത രാസവസ്തുക്കളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുന്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തുടനീളം ബാധകമാണെന്ന് സുപ്രീം കോടതി. ഉത്സവ സീസണിലെ പടക്ക നിയന്ത്രണം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.രാജസ്ഥാന്‍ സംസ്ഥാനത്തിന് വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ വിഷയത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും ആവശ്യമില്ലെന്നും രാജസ്ഥാന്‍ സംസ്ഥാനത്തോട് മുന്‍ ഉത്തരവുകള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച മുന്‍ ഉത്തരവ് ബാധകമാണെന്നും കോടതി അറിയിച്ചു. പടക്കങ്ങളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2021ല്‍ സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2021ലെ കോടതി നിര്‍ദ്ദേശ പ്രകാരം പടക്കങ്ങള്‍ക്ക് പൂര്‍ണ നിരോധനമില്ലെന്നും ബേരിയം ലവണങ്ങള്‍ ഉള്‍പ്പെട്ടവ മാത്രമാണ് നിരോധിച്ചിരിക്കുന്നതെന്നും കോടതി അറിയിച്ചിരുന്നു.