തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മത്സരിക്കാൻ എൻഡിഎ മുന്നണിക്ക് ഔദ്യോഗിക സ്‌ഥാനാർഥിയില്ല. പത്രികാ സമർപ്പണം ഇന്നലെ പൂർത്തിയായിരുന്നുവെങ്കിലും രാമനാഥപുരത്ത് മത്സരിക്കാൻ ഇതുവരെയും എൻഡിഎ സ്ഥാനാർഥി ആയിട്ടില്ലെന്നാണ് സൂചന. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എൻഡിഎ സഖ്യത്തിലാണെന്ന് അവകാശപ്പെടുന്ന മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ. പനീർസെൽവം പത്രിക നൽകിയിട്ടുണ്ട്. പനീർസെൽവം ബിജെപിയോട് ഇടഞ്ഞിരുന്നു. താമര ചിഹ്‌നത്തിൽ മത്സരിച്ചാൽ സീറ്റ് നൽകാമെന്ന വാഗ്‌ദാനം തള്ളിയതോടെയാണു പനീർസെൽവത്തെ ബിജെപി കൈവിട്ടത്.
പനീർസെൽവത്തിന്റെ പേരുള്ള 5 അപരന്മാരും രംഗത്തുണ്ട്. അണ്ണാഡിഎംകെ പ്രവർത്തകരെ ഒരുമിപ്പിക്കാനുള്ള സമിതിയുടെ സ്ഥാനാർഥിയായാണ് പനീർസെൽവത്തിന്റെ മത്സരം. ഡിഎംകെ സഖ്യത്തിൽ മുസ്‌ലിം ലീഗിൻ്റെ സിറ്റിങ് എംപി നവാസ് ഗനിയാണു സ്ഥാനാർഥി. അണ്ണാഡിഎംകെ പി ജയപെരുമാളിനെ സ്ഥാനാർഥിയാക്കി.
2019 ൽ നവാസ് ഗനി 1.27 ലക്ഷം വോട്ടുകൾക്കാണു ബിജെപി സ്‌ഥാനാർഥി നൈനാർ നാഗേന്ദ്രനെ തോൽപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനാഥപുരത്തെ 6 മണ്ഡലങ്ങളിലും ഡിഎംകെയാണ് വിജയിച്ചത്. ആകെയുള്ള 39 സീറ്റുകളിൽ 20ലും ബിജെപി മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, 19 സീറ്റുകളിൽ മാത്രമേ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളു.