ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് അദാനി ഗ്രൂപ്പ്. യുഎസ് ഷോര്‍ട്ട് സെല്ലര്‍മാരായ ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ തുടര്‍ ഓഹരി വില്‍പ്പനയുടെ (എഫ്പിഒ) വിലയിലോ സമയത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പിന്റെ ഫ്‌ളാഗ് ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്. ഇത് അട്ടിമറിക്കാനാണ് ഹിന്‍ഡെന്‍ബര്‍ഗ് തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നു ഗ്രൂപ്പ് പറയുന്നത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എഫ്പിഒയുടെ ആദ്യ ദിനം വിപണിയില്‍ വലിയ ആവേശമുണ്ടായിരുന്നില്ല.
അദാനി ഗ്രൂപ്പിന് അനുബന്ധ ഓഹരി വില്‍പ്പന(ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍-എഫ്.പി.ഒ)യിലൂടെആദ്യദിനം വില്‍ക്കാനായത് ഒരുശതമാനം ഓഹരികള്‍ മാത്രമാണ് ആദ്യദിനം നാലുകോടിയിലേറെ (4,55,06,791) ഇക്വിറ്റി ഷെയറുകള്‍ വിപണിയിലിറക്കിയെങ്കിലും നാലുലക്ഷത്തിലേറെ (4,70,160) മാത്രമാണ് ഇടപാട് നടന്നത്. 31-നകം എഫ്.പി.ഒയിലൂടെ വിപണിയില്‍നിന്ന് 20,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, എഫ്.പി.ഒ.യ്ക്കു മുന്നേ റിപ്പോര്‍ട്ടു പുറത്തുവന്നതിനെത്തുടര്‍ന്ന് വിപണിവില കൂപ്പുകുത്തി വില്‍പനവിലയ്ക്ക് താഴെയെത്തി. നിലവില്‍ വിപണിവില 2,768 ഉം വില്‍പനവില 3,112-3,176 ഉം ആണ്. ഇഷ്യൂവിലൂടെ വാങ്ങുന്നതിലും ലാഭം വിപണിയില്‍ നിന്ന് വാങ്ങുന്ന അവസ്ഥവന്നതോടെ എഫ്.പി.ഒ. പ്രതീക്ഷ മങ്ങുകയാണ്.
അതേസമയം, ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് 2 ദിവസം കൊണ്ട് വിപണിയില്‍ 20 ശതമാനം ഇടിവും നേരിട്ടു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാണിക്കുകയും അക്കൗണ്ട് തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നുവെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് ആരോപിക്കുന്നത്. ഗ്രൂപ്പിന്റെ കടബാധ്യതകള്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തീരുമാനിച്ചിട്ടുണ്ട്.