പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കാൻ യൂറോപ്യൻ പാർലമെന്റ് വ്യാഴാഴ്ച തീരുമാനിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചത്.
“യൂറോപ്യൻ പാർലമെന്റിൽ പാകിസ്ഥാന്റെ സുഹൃത്തുക്കളെക്കാൾ ഇന്ന് ഇന്ത്യയുടെ സുഹൃത്തുക്കൾ വിജയിച്ചു. ബ്രെക്സിറ്റിന് തൊട്ടുമുമ്പുള്ള ദിവസം യൂറോപ്യൻ പാർലമെന്റിൽ ഇന്ത്യയ്‌ക്കെതിരെ പ്രമേയം പാസാക്കുന്നതിനുള്ള ബ്രിട്ടീഷ് അംഗം ഷഫാഖ് മുഹമ്മദിന്റെ കഠിനപരിശ്രമം പരാജയപ്പെട്ടിരിക്കുന്നു,” കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
“എല്ലാ വസ്തുനിഷ്ഠവും ന്യായബോധമുള്ള അംഗങ്ങൾക്ക് ഈ വിഷയത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് മനസ്സിലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കേന്ദ്ര സർക്കാർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം “ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്”, അത് ജനാധിപത്യ പ്രക്രിയയിലൂടെ അംഗീകരിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
Read more
അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്നുള്ള 751 അംഗങ്ങളിൽ 560 പേർ മുന്നോട്ടുവെച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള അന്തിമ സംയുക്ത പ്രമേയത്തിൽ യൂറോപ്യൻ പാർലമെന്റ് വോട്ടുചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, പൗരത്വ നിയമം മുസ്‌ലിങ്ങളോട് അന്തർലീനമായി വിവേചനപരമാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര ബാദ്ധ്യതകൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു. മതപരമായ അസഹിഷ്ണുതയ്ക്കും മുസ്‌ലിംകൾക്കെതിരായ വിവേചനത്തിനും കാരണമായ ദേശീയത വർദ്ധിക്കുന്നതിനെതിരെയും ഇത് മുന്നറിയിപ്പ് നൽകുന്നു.