പ്രചരിപ്പിച്ചത് വ്യാജ ചോദ്യപേപ്പർ, ഗൂഢാലോചനയുടെ തെളിവുകൾ കണ്ടെത്താനായില്ല, യുജിസി-നെറ്റ് പേപ്പർ ചോർച്ച കേസ് അവസാനിപ്പിച്ച് സിബിഐ

ഗൂഢാലോചനയോ സംഘടിത റാക്കറ്റോ കണ്ടെത്താനാകാത്തതിനാൽ കഴിഞ്ഞ വർഷമുണ്ടായ യുജിസി-നെറ്റ് പേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ. 2024 ജൂൺ 18-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. UGC-NET, ഡാർക്ക്‌നെറ്റിൽ ചോർന്നുവെന്നും ടെലിഗ്രാമിൽ ലഭ്യമാണെന്നും സൂചന ലഭിച്ചതിനെ തുടർന്ന് അടുത്ത ദിവസം പരീക്ഷ റദ്ദാക്കി. കേസിൽ പേപ്പർ ചോർന്നതിന് തെളിവില്ലെന്ന് ഡൽഹി പ്രത്യേക കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും ഏജൻസി റിപ്പോർട്ട് അയച്ചിട്ടുണ്ട്.

റിപ്പോർട്ട് സ്വീകരിച്ച് കേസ് അവസാനിപ്പിക്കണോ അതോ കൂടുതൽ അന്വേഷണത്തിന് ഏജൻസിയെ ചുമതലപ്പെടുത്തണോ എന്ന് കോടതി ഇനി തീരുമാനിക്കും. “ചോർന്ന ചോദ്യപേപ്പറിൻ്റെ സ്‌ക്രീൻഷോട്ട് കുറച്ച് പണം സമ്പാദിക്കാൻ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ച കെട്ടിച്ചമച്ച രേഖയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.” ഒരു സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്യോഗാർത്ഥികളെയും അധികാരികളെയും തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം തീയതിയും സമയ സ്റ്റാമ്പും മാറ്റി സ്‌ക്രീൻഷോട്ട് തയ്യാറാക്കിയതാണെന്ന് ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. കെട്ടിച്ചമച്ചതിന് പിന്നിൽ ഒരു വിദ്യാർത്ഥി. ചിത്രം എഡിറ്റുചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.

ഇന്ത്യൻ സർവ്വകലാശാലകളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ, അസിസ്റ്റൻ്റ് പ്രൊഫസർഷിപ്പുകൾ, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള ഗേറ്റ്‌വേയായി പ്രവർത്തിക്കുന്ന യുജിസി-നെറ്റ് പരീക്ഷയിൽ 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.