മുന്നറിയിപ്പ് നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല; ഹാക്കര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് ആപ്പിള്‍

ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ കൂടുതല്‍ വിശദീകരണവുമായി ആപ്പിള്‍. മുന്നറിയിപ്പ് നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്ന് ആപ്പിള്‍ വിശദമാക്കി. വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് ഹാക്കര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ ഭാവിയില്‍ അത് ഹാക്കര്‍മാര്‍ക്ക് പ്രയോജനകരമാകുമെന്നാണ് ആപ്പിളിന്റെ വാദം. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ ഏത് രാജ്യമാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ആപ്പിള്‍ അറിയിച്ചു. രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ക്ക് വന്‍ തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ഇത്തരം ഹാക്കര്‍മാര്‍ക്ക് സാങ്കേതികമായി മികച്ച സംവിധാനങ്ങള്‍ ഉണ്ടെന്നും ആപ്പിള്‍ അറിയിക്കുന്നു.

Read more

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയത്. ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. ശിവസേന ഉദ്ദവ് താക്കറെ പക്ഷം എംപി പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എഎപി എംപി രാഘവ് ഛദ്ദ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ക്കാണ് ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചത്.