സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ ചെലവുകൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 2,000 കോടി രൂപ വായ്പയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്.
വർധിച്ചു വരുന്ന കടബാധ്യതയിൽ മധ്യപ്രദേശ് സർക്കാർ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. പുതിയ സർക്കാർ ചുമതലയേൽക്കുമ്പോൾ 4 ലക്ഷം കോടിയോളം രൂപയാണ് സംസ്ഥനത്തിന്റെ കടബാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യമാണ് ഇപ്പോൾ പുതിയ വായ്പ എടുക്കുന്നതിന്റെ ലക്ഷ്യം.
മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ക്ഷേമപദ്ധതികൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചുവെങ്കിലും ഈ പദ്ധതികൾക്കായി വലിയ ചിലവിലാണ് വന്നത്. തിരഞ്ഞെടുപ്പ് ചട്ടം നിലവിലിരിക്കെ 5,000 കോടി രൂപ ഉൾപ്പെടെ 2023ൽ മാത്രം ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ 44,000 കോടി രൂപ കടമെടുത്തു.
നിലവിൽ സംസ്ഥാന സർക്കാരിന്റെ ഖജനാവ് കാലിയാണെങ്കിലും ഫണ്ടിന്റെ അഭാവം മൂലം ഒരു ക്ഷേമപദ്ധതിയും മുടങ്ങില്ലെന്നാണ് പുതിയ മൗഖ്യമന്ത്രിയുടെ ഉറപ്പ്. ബിജെപി പ്രകടന പത്രിക രാമായണവും ഗീതയും പോലെയാണെന്നും മുൻ സർക്കാരിന്റെ എല്ലാ പദ്ധതികളും തുടരുമെന്നും മോഹൻ യാദവ് പറയുന്നു.
അതേസമയം മധ്യപ്രദേശിലെ ഓരോ പൗരനും കടക്കെണിയിലാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് പറഞ്ഞു. ‘മധ്യപ്രദേശിൽ ജനിക്കുന്ന ഓരോ കുഞ്ഞും ഇപ്പോൾ 40,000 രൂപ കടത്തിലാണ്. ബിജെപി മധ്യപ്രദേശിനെ തുടർച്ചയായി പാപ്പരത്തത്തിലേക്ക് തള്ളിവിടുകയാണെന്നും’ കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കുമായിരുന്നുവെന്നും ഹഫീസ് പറഞ്ഞു.
കടബാധ്യതയുമായി ബന്ധപ്പെട്ട് സർക്കാരിനെ ലക്ഷ്യം വയ്ക്കുന്നതിന് പകരം കോൺഗ്രസ് പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ പറഞ്ഞു. ഞങ്ങൾക്ക് വേണമെങ്കിൽ ഞങ്ങൾ റോഡ് നിർമ്മാണം, ജലസേചന പദ്ധതികൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കായി കടം വാങ്ങുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. മുൻ കോൺഗ്രസ് സർക്കാരുകളും കടം എടുത്തിട്ടുണ്ടെന്നും എന്നാൽ വികസനത്തിന് ഉപയോഗിക്കുന്നതിന് പകരം അവർ അഴിമതി നടത്തുകയായിരുന്നുവെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു.