‘ഗുഡ് മോർണിംഗ്’ വേണ്ട, ‘ജയ് ഹിന്ദ്’ മതി; ഹരിയാനയിലെ സ്കൂളുകളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ, ദേശസ്നേഹം വളർത്തുക ലക്ഷ്യം

ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ഗുഡ് മോണിങ്ങിന് പകരം ജയ് ഹിന്ദ് മുഴങ്ങും. ദേശസ്നേഹം വളർത്തുക ലക്ഷ്യമിട്ട് പുതിയ മാറ്റത്തിനൊരുങ്ങുകയായണ് ഹരിയാന സർക്കാർ. സ്കൂളുകളിൽ രാവിലെ ഉപയോഗിക്കുന്ന ‘ഗുഡ് മോണിങ്’ ഒഴിവാക്കി പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാൽ മതിയെന്നാണ് ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദേശം. അതേസമയം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിനു മുൻപ് ജയ് ഹിന്ദ് എന്നാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.

ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർ, ബ്ലോക്ക് പ്രാഥമിക വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ എന്നിവർക്ക് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ അയച്ചു. ഈ മാറ്റത്തിലൂടെ വിദ്യാർത്ഥികളിൽ “അഗാധമായ ദേശസ്നേഹവും ദേശീയ അഭിമാനവും” വളർത്തിയെടുക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

പ്രതിദിന ആശംസയായി ജയ് ഹിന്ദ് ഉപയോഗിക്കുന്നത് വഴി ദേശീയ ഐക്യവും ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തോടുള്ള ആദരവും ഉണ്ടാകാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുമെന്നാണ് സർക്കാർ പങ്കവയ്ക്കുന്നത്. ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ നേതാജി സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന വാക്ക് കൊണ്ടുവന്നത്. പിന്നീട് സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ പരമാധികാരത്തോടും സുരക്ഷയോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകമായി രാജ്യത്തിൻ്റെ സായുധ സേനകൾ ഈ മുദ്രാവാക്യം സ്വീകരിച്ചു. ഇന്ത്യക്കാർ എന്ന നിലയിലുള്ള അവരുടെ ഐഡൻ്റിറ്റിയെക്കുറിച്ചും രാജ്യത്തിൻ്റെ ഭാവിയിലേക്കുള്ള അവരുടെ സംഭാവനകളെക്കുറിച്ചും ദൈനംദിന ഓർമ്മപ്പെടുത്തലായി ജയ് ഹിന്ദ് ഉപയോഗിക്കുന്നത് പ്രവർത്തിക്കുമെന്നും സർക്കുലറിൽ പറയുന്നു.