പാര്‍ലമെന്റില്‍ ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ബിജെഡി നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ശക്തമായ പ്രതിപക്ഷമാകണമെന്ന് അദേഹം എംപിമാര്‍ക്ക് ഉപദേശം നല്‍കി.
പാര്‍ട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഒഡീഷയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തിന് പുറമെ മറ്റ് പ്രശ്‌നങ്ങളും എം.പിമാര്‍ ഉന്നയിക്കുമെന്നും എംപിമാര്‍ പറഞ്ഞു. ഇത്രയും നാളും ബിജെപിയെ പുറത്തുനിന്ന് ബിജെഡി പിന്തുണച്ചിരുന്നു. എന്നാല്‍, ഇക്കുറി ഒഡീഷയില്‍ ബിജെപിയും ബിജെഡിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ബിജെഡി ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.
24 വര്‍ഷത്തെ ബിജെഡി ഭരണത്തിനാണ് 2024ലെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. 1997ലാണ് ബിജെഡി സംസ്ഥാനത്ത് ഭരണം പിടിക്കുന്നത്.
147 അംഗ നിയമസഭയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയാണ് ബിജെപി ഒഡിഷയില്‍ ഭരണം പിടിച്ചത്. ബിജെഡിക്ക് 51 സീറ്റുകള്‍ മാത്രമേ നേടാനെ ആയുള്ളൂ. കോണ്‍ഗ്രസ് 14 സീറ്റുകള്‍ പിടിച്ചു. 74 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റില്‍ 20ഉം ബിജെപി ജയിച്ചിരുന്നു. ബിജെഡിക്ക് ഒറ്റസീറ്റില്‍ പോലും വിജയം നേടാനായില്ല. ഒരു സീറ്റില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.