വ്യക്തികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ്. വ്യാജവാർത്തകളും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാൻ നടപടിയെടുത്തെന്നും രവിശങ്കർ പ്രസാദ് ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളെ കുറിച്ച് പ്രത്യേക ചർച്ച നടത്തേണ്ടതുണ്ടെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. മന്ത്രിയും ഇത് സമ്മതിച്ചു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട 3.94 ലക്ഷം സംഭവങ്ങൾ ഈ വർഷം റിപ്പോർട്ടു ചെയ്തതായി ഐ.ടി. സഹമന്ത്രി സഞ്ജയ് ധോത്രെ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേന്ദ്ര മന്ത്രിമാർ, മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടേതായി 54 വെബ്‌സൈറ്റുകൾ ഈ വർഷം ഹാക്ക് ചെയ്യപ്പെട്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
Read more
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) റിപ്പോർട്ടനുസരിച്ചാണ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ച് സഹമന്ത്രിയുടെ വിശദീകരണം. ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന്റെ അഭാവം കാരണം സൈബർ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാവുന്നു. 2015-ൽ 49,455 സംഭവങ്ങളും 2016-ൽ 50362, 2017-ൽ 53,117, 2018-ൽ 2.08 ലക്ഷം എന്നിങ്ങനെയാണ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണമെന്നും മന്ത്രി വെളിപ്പെടുത്തി.